കുവൈറ്റ് സിറ്റി: പ്രവാസികളെ ജോലിയില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടുമെന്ന് കുവൈറ്റ്. രാജ്യത്തെ പൗരന്മാർക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം.
പൊതുമരാമത്ത്, മുനിസിപ്പല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അല്‍ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാൻ നിർദേശം നല്‍കിയത്.
മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയില്‍ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളില്‍ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈറ്റ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യുന്നവരെയും ഇത് ബാധിക്കും. പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ഇത്തരം ജോലികള്‍ ചെയ്യാൻ കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുള്ളതെന്നും അതിനാലാണ് പ്രവാസികളെ പിരിച്ചുവിടുന്നതെന്നുമാണ് അല്‍ അൻബ പത്രത്തില്‍ വന്ന റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനായി കുവൈറ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. 2024ല്‍ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനില്‍ വന്ന 1,211 ഒഴിവുകളിലും കുവൈറ്റ് പൗരന്മാർക്ക് മാത്രമാണ് തൊഴില്‍ നല്‍കിയിരുന്നത്.
ഏകദേശം 4,83,200 പേരാണ് കുവൈറ്റ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 23 ശതമാനവും പ്രവാസികളാണ്. മാത്രമല്ല, 4.8 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് 3.3 മില്യണ്‍ ജനങ്ങളും വിദേശികളാണ്. അതിനാല്‍, നിയമവിരുദ്ധമായി രാജ്യത്തെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി കുവൈറ്റ് നിയമങ്ങള്‍ കർശനമാക്കിയിരുന്നു.